Sunday, March 14, 2010

നാഗമല ഭാഗം നാല്

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷമാണ് മാഷ്‌ സംസാരിച്ചു തുടങ്ങിയത്..
"ഈ കഥയുടെ ഉറവിടം ഞാന്‍ പണ്ടെപ്പോഴോ എന്റെ മുത്തശ്ശിയുടെ അടുത്തുനിന്നും കേട്ടതാണ്...അന്ന് ഞാനും നിങ്ങളെപ്പോലെ വളരെ അത്ഭുതത്തോടെയാണ് അതെല്ലാം കേട്ടത്..
രാജന്‍ മാഷ്‌ പറഞ്ഞു നിര്‍ത്തി..ഞങ്ങളെല്ലാവരും രാജന്‍ മാഷ്‌ പറയുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരിക്കുകയായിരുന്നു..ആരും ഒന്നും മിണ്ടുന്നില്ല നിലത്ത് സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത....

"പണ്ട് ശ്രീരാമന്റെ വനവാസ കാലം... ആ സമയത്താണ് രാവണ സഹോദരി ശൂര്‍പ്പണഖ ലക്ഷ്മണനെ കണ്ടു ആകൃഷ്ടയായി  ലക്ഷ്മണനോട്‌  പ്രേമാഭ്യര്‍ത്ഥന നടത്തുന്നത്... ശല്യം സഹിക്കവയ്യാതെ  ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും മുറിച്ചു  വിട്ടു..അപമാനിതയായ  ശൂര്‍പ്പണഖ സഹോദരന്‍ രാവണന്‍റെ അടുത്തുപോയി പരാതി പറഞ്ഞു  ഇത്രയും എല്ലാവര്ക്കും അറിയുന്ന കഥകള്‍ ആണല്ലോ...നിങ്ങളും കേട്ടിരിക്കും അല്ലെ..  പക്ഷെ അന്ന് ലങ്കയിലേക്ക് തിരിച്ചു പോകുന്നതിനു  മുന്‍പ് ശൂര്‍പ്പണഖ താന്‍ അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം ആ  കാട്ടില്‍ തന്നെ ഉപേക്ഷിച്ചു... സൌന്ദര്യം നശിച്ച തനിക്ക് എന്തിനാണ് ആഭരണങ്ങള്‍ എന്നോര്‍ത്താണ് അന്നങ്ങനെ ചെയ്തത് . ആ ആഭരണങ്ങളുടെ കൂട്ടത്തില്‍ ലങ്കയില്‍ നിന്നുള്ള  അത്യപൂര്‍വ്വങ്ങളായ രത്നങ്ങളും   ഉണ്ടായിരുന്നു, എല്ലാം വിലമതിക്കാനാവാത്തവ‍‍..."
മാഷ്‌ നിര്‍ത്തി എല്ലാവരുടെയും മുഖത്തേക്ക് നോക്കി..എന്നിട്ട് തുടര്‍ന്നു..

"പിന്നീട് കുറെ കാലം കഴിഞ്ഞ്‌ ആ കാട്ടില്‍ വേട്ടയാടാന്‍ വന്ന ഒരു മലവേടന്‍ ആ ആഭരണങ്ങള്‍ കണ്ടു..അതിന്റെ വിലയറിയാതിരുന്ന വേടന്‍ അതൊക്കെയും ഒരു പുള്ളി മാനിന്റെ തോലില്‍ പൊതിഞ്ഞ് അടുത്തു കണ്ട ഒരു വലിയ മരപോത്തില്‍ സൂക്ഷിച്ചു വച്ചു....പക്ഷെ പോകുന്ന വഴി ആ വേടനെ ഒറ്റക്കണ്ണുള്ള  ഒരു കരിമ്പുലി ആക്രമിച്ചു.. മൃതപ്രായനായ വേടന്‍ ഒരുവിധം സഞ്ചരിച്ചു  കുറച്ചകലെയുള്ള ഒരു കാട്ടുജാതിക്കാരുടെ ഗ്രാമത്തില്‍ എത്തി.. അവിടെയുള്ളവര്‍ വേടനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല പക്ഷെ മരിക്കുന്നതിനു മുന്‍പ്‌ വേടന്‍ താന്‍ സൂക്ഷിച്ചു വച്ച കാര്യത്തെ കുറിച്ച് അവിടെ ഉള്ള മൂപ്പനോട് പറഞ്ഞിരുന്നു....  അമൂല്യങ്ങള്‍ ആയ വസ്തുക്കള്‍ ആണെങ്കിലും മൂപ്പന് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല പക്ഷെ മൂപ്പന്‍  അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു കാട്ടുപോത്തിന്റെ തോലില്‍ മുള്ള് കൊണ്ട് ചിത്രരൂപത്തില്‍ രേഖപ്പെടുത്തി വച്ചു...

പിന്നീടുള്ള തലമുറകള്‍ അത് തങ്ങളുടെ അടുത്ത തലമുറയ്ക്ക് കൈമാറി വന്നു..

വളരെ കാലം കഴിഞ്ഞ്‌  ഒരിക്കല്‍ പെരുന്തച്ചന്‍ ആ കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കാലില്‍ വിഷ പാമ്പ് കടിച്ചു..  കൂടെയുള്ളവര്‍ അദ്ദേഹത്തെ മുമ്പ് പറഞ്ഞ മൂപ്പന്റെ പിന്‍ തലമുറക്കാരുടെ അടുത്തെത്തിച്ചു  സ്ഥലം വിട്ടു അപ്പോഴേക്കും മൂപ്പന്റെ പിന്തലമുറക്കാര്‍ വിഷ ചികിത്സ പഠിച്ചിരുന്നു അവര്‍ പെരുന്തച്ചനെ വിഷം ഇറക്കി രക്ഷപെടുത്തി പകരം സ്വര്‍ണവും പണവും കൊടുത്തു മൂപ്പന്‍

വാങ്ങിയില്ല വളരെ ഏറെ നിര്‍ബന്ധിച്ചതിനു ശേഷം ഒരു രഹസ്യ സങ്കേതം പണിത് തരാമോ എന്ന് മൂപ്പന്‍ പെരുന്തച്ചനോട് ചോദിച്ചു എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ തലമുറകളായി കൈ മാറി വന്ന അമൂല്യ വസ്തുക്കളുടെ കാര്യം പറയുകയും പോത്തിന്‍ തോലില്‍ രേഖ പെടുത്തിയത് കാണിച്ചു കൊടുക്കുകയും ചെയ്തു


അങ്ങനെ പെരുന്തച്ചന്റെ മേല്‍ നോട്ടത്തില്‍ മലയുടെ മുകളില്‍ ഭൂമിക്ക് അടിയില്‍ ഒരു രഹസ്യ അറ തീര്‍ത്തു മൂപ്പന്‍ അപ്പോള്‍ തന്നെ ആഭരണങ്ങള്‍ ആ അറയില്‍ ഭദ്രമാക്കി വെക്കുകയും പെരുന്തച്ചന്‍ അത് പൂട്ടുകയും ചെയ്തു പിന്നീട് പെരുന്തച്ചന്‍ ആ അറ ഏതെങ്കിലും കാലത്ത് തുറക്കേണ്ടി വരും എന്നോര്‍ത്ത്  തുറക്കാനുള്ള ആയുധങ്ങളും തുറക്കേണ്ട മാര്‍ഗം എഴുതിയ തളിയോലയും മൂപ്പന്  നല്‍കി അവിടം വിട്ടു   പോകുന്ന സമയത്ത്  രണ്ടു രഹസ്യ ചോദ്യങ്ങളും ഉത്തരങ്ങളും മൂപ്പനോട് പറഞ്ഞിരുന്നു ആ നിധിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്‌ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കുമ്പോള്‍ ഉപയോഗിക്കാന്‍ ആയിരുന്നു ആ ചോദ്യോത്തരങ്ങള്‍

പിന്നെയും വര്‍ഷങ്ങളോളം അവര്‍  ആ രഹസ്യം സൂക്ഷിച്ചു വെച്ചു......................

പിന്നീട്  വര്‍ഷങ്ങള്‍ക്കുശേഷം ഒരു മൂപ്പന്റെ മകന് ആ നിധിയില്‍ ആഗ്രഹം തോന്നി... ആ നിധി പുറത്തെടുത്താല്‍ കുലം നശിച്ചു പോകും എന്ന് ഭയന്ന്  അച്ഛന്‍മൂപ്പന്‍  പെരുന്തച്ചന്‍ കൊടുത്ത എല്ലാ വസ്തുക്കളും  നാട്ടിലെ ഒരു സുഹൃത്തിന് കൈമാറി, ഒപ്പം രഹസ്യ ചോദ്യോത്തരങ്ങളും പറഞ്ഞു കൊടുത്തു...  ആ ചോദ്യങ്ങളുടെ ഉത്തരം പറയുന്നവര്‍ക്ക് മാത്രം  വസ്തുക്കള്‍ കൈമാറും എന്ന് സത്യം ചെയ്യിച്ചു മൂപ്പന്‍ തിരിച്ചു പോയി....... പോകുന്ന വഴിയില്‍‍, ഒളിച്ചിരുന്ന സ്വന്തം മകന്റെ വിഷ അമ്പേറ്റു മൂപ്പന്‍ മരിച്ചു.... പിന്നീട് മൂപ്പന്റെ മകന്‍ നാട്ടിലെത്തി മൂപ്പന്റെ സുഹൃത്തിനോട് വസ്തുക്കള്‍ തിരിച്ചു ചോദിച്ചെങ്കിലും രഹസ്യ ഉത്തരം പറയാത്തതിനാല്‍ സുഹൃത്ത്‌ ഒന്നും കൊടുത്തില്ല........

നേരായ വഴിയില്‍ വസ്തുകള്‍ തിരിച്ചു കിട്ടില്ലെന്ന് ഉറച്ച മൂപ്പന്റെ മകന്‍, ആ വസ്തുക്കള്‍ മോഷ്ടിക്കാന്‍ മൂപ്പന്റെ സുഹൃത്തിന്റെ  തറവാട്ടിനടുത്തു  കുറ്റികാട്ടില്‍ ഒളിച്ചിരിക്കെ ഒരു വിഷ പാമ്പിന്റെ കടി ഏറ്റു സ്വന്തം അച്ഛന്‍ പറഞ്ഞിട്ടും വിഷ ചികിത്സ പഠിക്കാതിരുന്ന മകന്‍ അപ്പോള്‍ തന്നെ മരിച്ചു വീണു

ഇത്രയും ആണ് പണ്ടുള്ളവര്‍ പറഞ്ഞ കഥകള്‍ അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല ആ വസ്തുക്കള്‍ എവിടെ ഉണ്ടെന്നു പോലും അധികം ആര്‍ക്കും അറിയില്ല എന്റെ വല്യച്ചന്‍ പറഞ്ഞു കേട്ട അറിവ് വച്ചാണ് ഈ സാധനങ്ങള്‍ എന്താണ് എന്ന് ഞാന്‍ മനസിലാക്കിയത് തന്നെ

എനിക്ക് മനസ്സിലായിടത്തോളം അന്ന് പെരുന്തച്ചന്‍ നിര്‍മ്മിച്ച രഹസ്യ അറ തുറക്കാനുള്ള ആയുധങ്ങള്‍ ആണ് ഈ പെട്ടിയില്‍ ഉള്ളത് പക്ഷെ ആ രഹസ്യ ചോദ്യവും ഉത്തരവും എനിക്കറിയില്ല അതില്ലാതെ ഇത് ഉപയോഗിക്കാനും കഴിയില്ല എന്നാണ് എനിക്ക് തോനുന്നത് "

രാജന്‍  മാഷ്‌ അത്രയും പറഞ്ഞു നിര്‍ത്തി.............

നിമിഷങ്ങളോളം  കനത്ത മൌനം ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല .................


തുടരും .......................................

No comments: